‘ഈ 6 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാനായി വരണമെന്നില്ല’; ഞെട്ടിക്കുന്ന തീരുമാനവുമായി ഓസ്ട്രേലിയ

Advertisement

സിഡ്നി: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർവകലാശാലകൾ. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോഗവും വിദ്യാർഥി വിസ തട്ടിപ്പും വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് വിലക്ക്. വിദ്യാഭ്യാസത്തിനുപകരം കുടിയേറ്റത്തിലേക്കുള്ള പിൻവാതിലായി സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്ന വ്യാജ അപേക്ഷകരുടെ എണ്ണം വർധിച്ചതായി അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വിദ്യാർഥികളുടെ അപേക്ഷകളിൽ പ്രശ്നങ്ങൾ നേരിട്ട ചില സർവകലാശാലകൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അപേക്ഷ പ്രോസസ്സിംഗ് നിർത്തിവയ്ക്കുകയോ കർശനമായ സൂക്ഷ്മപരിശോധനയും അധിക പരിശോധന നടപടിക്രമങ്ങളും ഏർപ്പെടുത്തുകയോ ചെയ്തിരുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിലെ പൊരുത്തക്കേടുകൾ കാരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശസ്തിക്ക് കോട്ടംവരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ചില സർവകലാശാലകൾ വിദ്യാർഥി വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനായി ഓസ്‌ട്രേലിയയിലെ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. അതേസമയം യഥാർഥ വിദ്യാർഥികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് തീരുമാനമെന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ കൺസൾട്ടന്റുകൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യ. എങ്കിലും പുതിയ സംഭവവികാസം നയതന്ത്രപരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളെയും ബാധിച്ചേക്കാം.

1 COMMENT

Comments are closed.