വിദേശ വിദ്യാർഥികൾക്കെതിരെ യുഎസ് നടപടി: 4000 വീസ റദ്ദാക്കി; പകുതിയും ഇന്ത്യക്കാർ

Advertisement

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ യുഎസ് വീസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) കണ്ടെത്തി. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 50 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ചൈനക്കാരുമാണെന്ന് എഐഎൽഎ വ്യക്തമാക്കി. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.

കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, മിഷിഗൻ, പെൻസിൽവേനിയ, ഫ്ലോറിഡ, അരിസോന, വെർജീനിയ, ഇലിനോയ്, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നാണു കണ്ടെത്തൽ. വിദ്യാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ എഐ സഹായത്തോടെ നിരീക്ഷിച്ചാണു നടപടികളെന്നും രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത വിദ്യാർഥികളും നടപടി നേരിടുന്നുവെന്നും എഐഎൽഎ പറയുന്നു.

വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. പല ഇന്ത്യൻ വിദ്യാർഥികൾക്കും എഫ്–1 വീസയുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നതായി അറിയാമെന്നും നടപടികളിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചിരുന്നു. അതേസമയം, വീസ റദ്ദാക്കൽ നടപടി ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണങ്ങൾ യുഎസ് നിഷേധിച്ചു.