2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം

81
Advertisement

2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം എന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
‘2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ല. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണ്. യുപിഐ വഴി ഡിജിറ്റല്‍ ഇടപാട് പ്രമോട്ട് ചെയ്യുകയാണ് സര്‍ക്കാര്‍’ പിഐബി അറിയിച്ചു.
ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 2020 ജനുവരി മുതല്‍ വ്യക്തികളും മെര്‍ച്ചന്റും തമ്മിലുള്ള P2M യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാത്തതില്‍ ജിഎസ്ടി ബാധകമായിരുന്നില്ല.
അതേസമയം യുപിഐ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.3 ലക്ഷം കോടി രൂപയുടെ ഇടപാടാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നടന്നത്. 2025മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരമിത് 260.56 ലക്ഷം കോടിയിലേക്ക് കുതിച്ചിട്ടുണ്ട്. യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് സ്‌കീം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3631 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്.

Advertisement