ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ നിർമിക്കാൻ പദ്ധതിയുമായി തമിഴ്നാട്

1181
Advertisement

ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ കോയമ്പത്തൂരില്‍ നിര്‍മ്മിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ മരുതമലയില്‍ 184 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മത, ജീവകാരുണ്യ എന്‍ഡോവ്മെന്റ്സ് (എച്ച്ആര്‍ & സിഇ) മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു. സംസ്ഥാനത്ത് മുരുക ഭഗവാന്റെ മൂന്ന് പ്രതിമകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ആകെ ചെലവ് 146.83 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മരുതമലയിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് മാത്രം 110 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മരുതമലയിലെ ‘തമിഴ് കടവുള്‍’ പ്രതിമ ഒരു ഷഡ്ഭുജ ആകൃതിയിലുള്ള സമുച്ചയമായിരിക്കുമെന്ന് മന്ത്രി ശേഖര്‍ബാബു പറഞ്ഞു. അതില്‍ മ്യൂസിയം, പാര്‍ക്കിങ് സൗകര്യങ്ങള്‍, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ, ഈറോഡ് ജില്ലയിലെ തിണ്ടലിലുള്ള വേലായുധസ്വാമി ക്ഷേത്രത്തില്‍ 30 കോടി രൂപ ചെലവില്‍, 180 അടി ഉയരമുള്ള രണ്ടാമത്തെ പ്രതിമ സ്ഥാപിക്കും. റാണിപേട്ട് ജില്ലയിലെ കുമാരഗിരിയിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 114 അടി ഉയരമുള്ള മൂന്നാമത്തെ പ്രതിമയും നിര്‍മ്മിക്കും. 6.83 കോടി രൂപയാണ് ഇതിന് ചെലവ് വകയിരുത്തിയത്. എച്ച്ആര്‍ & സിഇ വകുപ്പിനുള്ള ബജറ്റ് വിഹിതം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
2022 ഏപ്രിലില്‍ സേലം ജില്ലയിലെ എതാപൂരിലെ ഒരു സ്വകാര്യ ക്ഷേത്രത്തില്‍ അനാച്ഛാദനം ചെയ്ത മുരുക ഭഗവാന്റെ പ്രതിമയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയത്.

Advertisement