ചെന്നൈ: സർക്കാർ ഉത്തരവുകൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങളും തമിഴിൽ മാത്രം മതിയെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ തമിഴ്നാട് സർക്കാർ, എല്ലാ കത്തുകളിലും സർക്കാർ ജീവനക്കാർ തമിഴിൽ തന്നെ ഒപ്പിടണമെന്നും നിർദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് തമിഴിൽ ലഭിക്കുന്ന കത്തുകൾക്ക് തമിഴിൽ തന്നെ മറുപടി നൽകണം.
സർക്കാർ ഓഫിസുകളിൽ തമിഴ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന നിലവിലുള്ള വ്യവസ്ഥകളും ഉത്തരവുകളും അഡീഷനൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറിമാർ, സെക്രട്ടേറിയറ്റിലെ വകുപ്പുകൾ, കലക്ടർ, വകുപ്പ് മേധാവികൾ എന്നിവരെ കത്തിലൂടെയാണ് ഓർമിപ്പിച്ചത്. നിലവിൽ ഇംഗ്ലിഷിലുള്ള കത്തുകളും സർക്കാർ ഉത്തരവുകളും തമിഴിലേക്ക് വിവർത്തനം ചെയ്യും.
കഴിഞ്ഞ ആറിനു പാമ്പൻ പാലം ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട്ടിൽ നിന്നുള്ള ഔദ്യോഗിക കത്തുകളിൽ തമിഴ് ഉപയോഗിക്കുന്നില്ലെന്നും ആരും ഒപ്പുകൾ പോലും തമിഴിൽ ഇടുന്നില്ലെന്നും പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്ന രീതിയിലാണ് നിർദേശം.