ആൾകൂട്ട വിചാരണയോ? ഭർത്താവ് ഭാര്യക്കെതിരെ പള്ളിയിൽ പരാതി നൽകി, പിന്നീട് നടന്നത് കൂട്ടംകൂടിയുള്ള അതിക്രമം

513
Advertisement

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ 38 കാരിയെ മർദിച്ച് ആൾക്കൂട്ടം. ബെംഗളൂരിലാണ് സംഭവം. ഷബീന ബാനു എന്ന യുവതിയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഭാര്യയ്ക്കെതിരെ ഒരു പള്ളിയിലാണ് ഇയാൾ പരാതി നൽകിയത്. പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാർ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഏപ്രിൽ ഏഴിന് ഷബീന ബാനുവിനെ കാണാൻ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തി. ഷബീനയുടെ ഭർത്താവ് ജമീൽ അഹമ്മദിന് ഇത് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇയാൾ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഏപ്രിൽ ഒമ്പതിന് മൂന്നുപേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയിൽ എത്തുമ്പോഴേക്കും ആറുപുരുഷന്മാർ ചേർന്ന് മർദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തിൽ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.

Advertisement