ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തു (ഐഇഡി), 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ധില്ലന്റെ നേതൃത്വത്തിലുള്ള ഭീകര സംഘ ടനയിലെ അംഗങ്ങൾ ആണിവർ.
കൗണ്ടര്‍ ഇന്റലിജന്‍സ് ഫിറോസ്പൂര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് സെല്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായത് ഫത്തേഗഡ് സാഹിബ് ജില്ലയിലെ ജഗ്ഗ സിംഗ്, മഞ്ജീന്ദര്‍ സിംഗ് എന്നിവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി. ഗോള്‍ഡി ബ്രാര്‍ – ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഗോള്‍ഡി ധില്ലന്റെ തലയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗൗരവ് യാദവ് പറഞ്ഞു.
ഈ മൊഡ്യൂള്‍ തകര്‍ത്തതോടെ, മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐയുടെ പദ്ധതികള്‍ പഞ്ചാബ് പൊലീസ് തകര്‍ത്തുവെന്നും യാദവ് പറഞ്ഞു. നിലവില്‍ പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. ഗോള്‍ഡി ധില്ലണ്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഗൗരവ് യാദവ് പറഞ്ഞു.
































