ചെന്നൈ.നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ ആയി മാറുമ്പോൾ അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടത്തിന്റെ ആഘാതത്തിൽ ആണ് കെ അണ്ണാമലൈ. തമിഴക രാഷ്ട്രീയത്തിൽ തന്റെതായ ഇടമുണ്ടാക്കിയെടുത്ത അണ്ണാമലൈയ്ക്ക് ഇനി സംസ്ഥാനത്ത് കാര്യമായ റോൾ ഉണ്ടാകില്ല. സഖ്യം ഉണ്ടാക്കണമെങ്കിൽ അണ്ണാമലൈയെ മാറ്റി നിർത്തണമെന്ന എടപ്പാടി പളനിസ്വാമിയുടെ കടുംപിടുത്തമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്
ആരും ‘ഞെട്ടുന്ന സ്ഥാന ത്യാഗമായിരുന്നു ഈ യുവാവിൻ്റേത്. 35 വയസ്സിൽ ഐപിഎസ് തൊപ്പി അഴിച്ചുവച്ച് മോദിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ അണ്ണാമലൈയുടെ ബിജെപി യിലെ വളർച്ച കണ്ണ് ചിമ്മും വേഗത്തിൽ ആയിരുന്നു.
2020ൽ ബിജെപി യിലെത്തിയ അണ്ണാമലൈ തൊട്ടടുത്ത വർഷം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയി. ബിജെപിക്ക് അധികം വളക്കൂറില്ലാത്ത തമിഴകത്ത് അണ്ണാമലൈ സകല അടവും പുറത്തെടുത്ത് പാർട്ടിയുടെ കരുത്ത് കൂട്ടി. ഡി എം കെ യേയും സ്റ്റാലിനെയും ഉദയനിധിയേയും കടന്നാക്രമിച്ചു. അണ്ണാമലൈയുടെ ശൈലിക്ക് ആരാധകർ ഏറി. തമിഴ്നാട്ടിൽ ബിജെപി യെ എഴുതി തള്ളിയവർ പോലും അണ്ണാമലൈയെ ശ്രദ്ധിക്കാൻ തുടങ്ങി. ഡി എം കെ ക്രൈം ഫയൽസ് എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങൾ വലിയ ചർച്ചയായിരുന്നു.വേറിട്ട ക്യാമ്പയിനുകളും പ്രതിഷേധ രീതികളും ആണ് അണ്ണാമലൈ മുന്നോട്ട് വച്ചത്
പാർട്ടിക്കുള്ളിലെ എതിർപ്പിനിടയിലും അണ്ണാമലൈ യുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ എഐഎടിഎംകെ വീണ്ടും എൻഡിഎ ക്യാമ്പിലെത്തുമെന്ന് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റാതെ കൈ തരാൻ ആകില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചു. ജയലളിത ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ അണ്ണാ മലൈ നടത്തിയ പരാമർശത്തിന് പിന്നാലെയായിരുന്നു 2 വർഷംമുൻപ് എ ഐ എ ഡി എം കെ എൻ ഡി എ ക്യാമ്പ് വിട്ടത്. ഇ പി എസ്സിന്റെ സമ്മർദതന്ത്രം വിജയിച്ചതോടെ അണ്ണമലൈയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അണ്ണാമലയ്ക്ക് ഇനി തമിഴ്നാട്ടിൽ കാര്യമായ റോൾ ഉണ്ടാകില്ല.
ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്ന് പറയുമ്പോഴും അതിനെ അണ്ണാമലെ ഉൾക്കൊള്ളുമോ എന്നും ചോദ്യമുണ്ട്..