തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന്‍

Advertisement

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസന്‍, കെ അണ്ണാമലൈ, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാര്‍ നാഗേന്ദ്രനെ പിന്തുണച്ചത്.
നൈനാര്‍ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ നടത്തും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവും തിരുനെല്‍വേലിയില്‍ നിന്നുള്ള എംഎല്‍എയുമാണ് നൈനാര്‍ നാഗേന്ദ്രന്‍. 2020 വരെ അണ്ണാ ഡിഎംകെയില്‍ പ്രവര്‍ത്തിച്ച നൈനാര്‍ നാഗേന്ദ്രന്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു. അണ്ണാ ഡിഎംകെയുമായി പൂര്‍വ ബന്ധം പുലര്‍ത്തിയിരുന്നയാള്‍ കൂടിയാണ് നൈനാര്‍ നാഗേന്ദ്രന്‍. നാടാര്‍ സമുദായ പ്രതിനിധി എന്നതും നൈനാര്‍ നാഗേന്ദ്രന് ഗുണം ചെയ്തു.