വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധം, എഐസിസി

Advertisement

അഹമ്മദാബാദ്.വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പ്രമേയം പാസാക്കി എഐസിസി അഹമ്മദാബാദ് സമ്മേളനം. മുസ്ലീങ്ങൾക്ക് പിന്നാലെ ക്രിസ്ത്യാനികൾക്ക് നേരെയും സംഘപരിവാർ തിരിയുകയാണെന്ന് ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി തടയാൻ ബാലറ്റിലേക്ക് മടങ്ങണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻഖർഗെ ആവശ്യപ്പെട്ടു.സ്ഥാനാർഥി നിർണയത്തിലടക്കം ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകാൻ പാർട്ടി തീരുമാനിച്ചു.

വഖഫിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പങ്ങളില്ലെന്ന പ്രഖ്യാപനമാണ് രാഹുൽ നടത്തിയത്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കാണേണ്ട. ക്രിസ്ത്യൻ സമുദായത്തിനെതിരെയും അവർ തിരിഞ്ഞ് കഴിഞ്ഞെന്ന് ഓർഗണൈസറിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗത്തെ ഉൾപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞു.

ബാലറ്റിലേക്ക് മടങ്ങാനുള്ള ആഹ്വാനവും പാർട്ടി സമ്മേളനത്തിലുണ്ടായി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഖർഗെയും രാഹുലും എടുത്ത് കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു. പാർട്ടിയെ ശക്തമായി തിരിച്ച് കൊണ്ടുവരുന്നതിന് ജില്ലാ അധ്യക്ഷൻമാർക്കും കമ്മറ്റികൾക്കും കൂടുതൽ അധികാരവും ഉത്തരവാദിത്തവും നൽകും. സ്ഥാനാർഥി നിർണയത്തിലടക്കം ജില്ലാ അധ്യക്ഷൻമാരുടെ നിർദ്ദേശങ്ങൾക്ക് കാര്യമായ പരിഗണന കിട്ടുമെന്നും രാഹുലും ഖർഗെയും പറഞ്ഞു. ഇന്ത്യാ സഖ്യത്തെ കൂടുതൽ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോവണമെന്നും സമ്മേളനം തീരുമാനം എടുത്തു