സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിവാഹ മെനു കാര്‍ഡ്… സദ്യയിലെ എല്ലാ വിഭവത്തിന്റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തി

2988
Advertisement

പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിലും വിവാഹക്ഷണക്കത്തിലുമെല്ലാം വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് പുതുതലമുറ. ഇത്തരത്തിലുള്ള പല പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഒരു വിവാഹ മെനു കാര്‍ഡ് ആണ്. വെറും മെനുകാര്‍ഡ് അല്ല. വിവാഹ സദ്യയിലെ ഓരോ ഐറ്റത്തിന്റെയും കലോറി രേഖപ്പെടുത്തിയ കാര്‍ഡ്. അതായത് സദ്യയിലെ എല്ലാ വിഭവത്തിന്റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്.
ഇന്ത്യാ സോഷ്യല്‍ എന്ന ടാഗില്‍ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കാര്‍ഡാണ് വൈറലായത്. ഏറെ നാളിന് ശേഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ലഭിച്ചത് എന്ന കുറിപ്പോടെയായിരുന്നു കാര്‍ഡ് പങ്കുവയ്ക്കപ്പെട്ടത്. പശ്ചിമ ബംഗാളിലെ ചൈറ്റി ഹാളില്‍ നടക്കുന്ന വിവാഹത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കാര്‍ഡില്‍, ഭക്ഷണം പാഴാക്കരുതെന്നും അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കലോറിക്ക് തുല്യമായ ഭക്ഷണം കഴിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പിന്നാലെ വെജ് – നോണ്‍വെജ് ഭക്ഷണ വിഭവങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി ഒരോ വിഭവത്തിനും നേരെ അവ എത്ര കലോറിയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
സുരുചി എന്ന കാറ്ററിംഗുകാരുടെ കാര്‍ഡായിരുന്നു അത്. കാര്‍ഡില്‍ മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഡാന്‍സ് ഫ്‌ലോറില്‍ എത്ര കലോറി എരിച്ച് കളയണമെന്ന് മെനു കാര്‍ഡ് ഉപയോഗിച്ച് തീരുമാനിക്കാമെന്നായിരുന്നു ഒന്ന്. ഒപ്പം മറ്റ് ചില ആരോഗ്യ നിര്‍ദ്ദേശങ്ങളുമുണ്ട്. കലോറി നോക്കിയാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമായാല്‍ അത് ദോഷം ചെയ്യുമെന്നും അതിനാല്‍ അല്പം ഡാന്‍സ് കളിക്കുന്നത് നല്ലതാണെന്നും വിവാഹ മെനു കാര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

Advertisement