അമരാവതി: ആന്ധ്രാപ്രദേശില്‍ അമ്മയും ആണ്‍സുഹൃത്തും ചേർന്ന് മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. വിജയവാഡയിലെ വൈഎസ്‌ആർ കോളനിയിലാണ് സംഭവം
നാട്ടുകാർ നല്‍കിയ പരാതിയില്‍ അമ്മയെയും ആണ്‍ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുഞ്ഞിന് രക്ഷകരായത്. കുഞ്ഞിനെ കൊലപ്പെടുത്താനായിരുന്നു ഇരുവരുടെയും ശ്രമമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആണ്‍ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്.
ഇടയ്ക്കിടയ്ക്ക് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും, ഒരപരിചിതൻ ഇവരുടെ വീട്ടില്‍ വന്നുപോകാറുണ്ടായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. കുട്ടിയുടെ പിതാവിനെ കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നുമില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ കുട്ടി ചൂടുവെള്ളത്തില്‍ വീണെന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയില്‍ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.