കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ യുവതി പീഡനത്തിന് ഇരയായി

Advertisement

കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലെ കെ.ആര്‍ പുരം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ക്രൂരപീഡനത്തിന് ഇരയായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് യുവതി കെ.ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ബിഹാര്‍ സ്വദേശിയായ യുവതി കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് മടങ്ങുംവഴി ബെംഗളൂരുവില്‍ ബന്ധുവിനെ കാണാനായി ഇറങ്ങിയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്.
അമ്മാവന്റെ മകനോട് ബെംഗളൂരു വഴി പോകുന്ന വിവരം യുവതി അറിയിച്ചിരുന്നു. കെ.ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ഇയാള്‍ യുവതിയോട് പറയുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഹാദേവപുരയിലേക്ക് ഭക്ഷണം കഴിക്കാനായി പോയതാണ് ഇരുവരും. അതിനിടെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ ഇവരെ തടഞ്ഞുനിര്‍ത്തി.
ഒരാള്‍ യുവാവിനെ ബലമായി പിടിച്ചുവച്ചു. ആ സമയം മറ്റേയാള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ അക്രമികളില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആസിഫ്, സെയ്ദ് മുഷാര്‍ എന്നിവരാണ് ഇവരെ ആക്രമിച്ചതെന്നും ഇരുവരും പൊലീസ് പിടിയിലായെന്നും പൊലീസ് വ്യക്തമാക്കി. കോലാര്‍ സ്വദേശികളാണ് ഇവര്‍.