ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് ഇനി ഫീസ്?

Advertisement

ഫെയ്സബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് ഫീസ് ഇടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരസ്യങ്ങളില്ലാതെ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ ഫീസായി 14 ഡോളര്‍( 1,190 രൂപ) ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യങ്ങളില്ലാതെ ഫെയ്സ്ബുക്ക് ഉപയോഗിക്കണമെന്നു താത്പര്യമുള്ള ഉപയോക്താക്കളെ പുതിയ നീക്കം ബാധിക്കും. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ഫീസുകളൊന്നുമില്ലാതെ കൂടാതെ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാന്‍ കഴിയും. മെറ്റ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്കും കോംബോ ഓഫര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പ്രതിമാസം 17 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 1,445 രൂപ വരും, എന്നാല്‍ ഈ ഓപ്ഷന്‍ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.
ടെക് കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെയാണ് നീക്കം. ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഉപയോഗത്തിന് അനുസരിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശിച്ചിരുന്നു. മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ കഴിഞ്ഞ ദശകത്തില്‍ ടാര്‍ജെറ്റഡ് പരസ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ നേടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.