ചെന്നൈ.തമിഴ്നാട്ടിൽ ഭാഷാപ്പോര് രൂക്ഷമായിരിക്കെ മുന്നറിയിപ്പുകൾ ഹിന്ദിയിൽ കൂടി നൽകി ചെന്നൈ കാലാവസ്ഥാകേന്ദ്രം. നേരത്തേ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ ഹിന്ദിയിൽ നൽകുന്നത്.
ഇന്നലെ വരെ ഇംഗ്ലീഷിലും തമിഴിലും നൽകിയിരുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് ഇന്ന് രാവിലെയോടെ ഹിന്ദിയിൽ കൂടി നൽകിത്തുടങ്ങിയത്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കീഴിലുള്ള ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെന്ററിന്റെ പേജിൽ മൂന്ന് ഭാഷയിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരിടത്തും ഹിന്ദിയിൽ അറിയിപ്പ് നൽകിയിരുന്നില്ല. കേരളത്തിൽ ഇംഗ്ലീഷിലും കർണാടകയിൽ ഇംഗ്ലീഷിലും കന്നടയിലുമാണ് അറിയിപ്പ് നൽകുന്നത്. ഭാഷാപ്പോര് കടുക്കുന്നതിനിടെ സംസ്ഥാനത്തെ പ്രകോപിപ്പിക്കാനാണ് കേന്ദ്രനീക്കം. ഹിന്ദി മുന്നറിയിപ്പിനെതിരെ സിപിഎം രംഗത്തെത്തി. പ്രകൃതി ദുരന്തത്തിൽ സഹായിക്കാത്ത കേന്ദ്രം ആണ് ഹിന്ദിയിൽ അറിയിപ്പ് നൽകുന്നത് എന്ന് സു.വെങ്കടേശൻ എംപി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ ഹിന്ദിപ്പോരിൽ അയവുണ്ടാകില്ലെന്ന് ഉറപ്പായി