നീലം കോമയിൽ തന്നെ, തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അമേരിക്കയിൽ മകളുടെ അടുത്തെത്താന്‍ വിസ കിട്ടാതെ പിതാവ്

Advertisement

മുംബൈ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്ര സ്വദേശിനിയായ നീലം ഷിന്‍ഡെ അപകടത്തെ തുടര്‍ന്ന് കോമയിലാണ്. മകളുടെ അടുത്ത് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇന്ത്യയിലുള്ള പിതാവ്. എന്നാല്‍ വിസ ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തില്‍ നീലമിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കയ്യിലും കാലിലും ഒടിവുകളുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നീലമിന്‍റെ ആരോഗ്യ നിലയെപറ്റി ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട് എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ മകളുടെ അടുത്തേക്ക് എത്താന്‍ പറ്റാതെ വിസ സംഘടിപ്പിക്കുന്നതിനായുള്ള ഓട്ടത്തിലാണ് പിതാവ്.

ഫെബ്രുവരി 14 ന് കാലിഫോര്‍ണിയയില്‍ വെച്ചാണ് അപകടം നടന്നത്. നീലം നടക്കാനിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായി പിന്നിലൂടെ വന്ന കാര്‍ നീലമിനെ ഇടിച്ചു തെറിപ്പിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയി. സ്ഥലത്തെത്തിയ പൊലീസാണ് നീലമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് നീലമിന്‍റെ കുടുംബം അപകട വിവരം അറിയുന്നത്. ഇത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. നീലമിന്‍റെ അമ്മ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്ലാണ് ഇത്തരം ഒരപകടം.

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും കുടുംബത്തിന് യാത്രാ പെര്‍മിറ്റ് അനുവദിക്കണമെന്നും നീലം പഠിക്കുന്ന യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറയുന്നു. നീലമിന്‍റെ പിതാവിന് വിസ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ച് എംപി സുപ്രിയ സുലെ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട്. എല്ലാവരും ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രിയ പോസ്റ്റില്‍ പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷം കാര്‍ ഓടിച്ചിരുന്ന ലോറന്‍സ് ഗാല്ലോ (58) യെ പൊലീസ് അറസ്റ്റ് ചെയ്തു.