നിമിഷപ്രിയ കേസ്,വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി,  ചർച്ച വിജയിച്ചാൽ നേട്ടം

605
Advertisement

ന്യൂഡെൽഹി. നിമിഷപ്രിയ കേസിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് വിവരം. യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറയുന്നത്.   നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ്പറഞ്ഞു. രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്

നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറ‍ഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻറെ സഹായം വിദേശകാര്യമന്ത്രാലയ ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ മോചനം സാധ്യമാക്കാൻ രണ്ടു കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇറാൻ വിഷയത്തിൽ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി മറുപടി നൽകിയില്ല. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അനാവശ്യ ചർച്ചകൾ നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുമെന്നും വിദേശകാര്യസഹമന്ത്രി തിരിച്ചടിച്ചു. അതേസമയം, കേന്ദ്രം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയം എന്നാണ് നൽകിയ മറുപടി. കേന്ദ്ര സർക്കാർ വിഷയത്തിൽ കയ്യൊഴിഞ്ഞിരിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമന്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോടാണ് എംബസിയുടെ പ്രതികരണം. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്‍റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

Advertisement