ഹൈദരാബാദ്: വെൽജൻ ഗ്രൂപ്പ് സിഎംഡി വി.സി.ജനാർദ്ദൻ റാവു (86)വിനെ കൊച്ചുമകൻ കീർത്തി തേജ (28) കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ആറിനാണു വീട്ടിനുള്ളിൽ റാവു കൊല്ലപ്പെട്ടത്. സ്വത്തു തർക്കത്തിനിടെ അപ്രതീക്ഷിതമായി കത്തിയെടുത്ത കീർത്തി 70 തവണ കുത്തിയെന്നാണു റിപ്പോർട്ട്. റാവുവിന്റെ മകൾ സരോജിനിയുടെ മകനാണു കീർത്തി.
അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സരോജിനിക്കും പലതവണ കുത്തേറ്റു. സാരമായി പരുക്കേറ്റ ഇവർ ചികിത്സയിലാണ്. യുഎസിൽ പഠനം പൂർത്തിയാക്കി അടുത്തിടെ മടങ്ങിയെത്തി കീർത്തി അമ്മയ്ക്കൊപ്പം സോമാജിഗുഡയിലെ വീട്ടിൽ ജനാർദ്ദൻ റാവുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു. കപ്പൽ നിർമാണം, ഊർജം, മൊബൈൽ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വെൽജൻ ഗ്രൂപ്പ്.

































