തലസ്ഥാനത്ത് താമര, ആപ് ‘ഹാങ്’; ലീഡ് നിലയിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി

415
Advertisement

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തുടക്കത്തിൽ പിന്നിൽനിന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരിയ വോട്ടുകൾക്ക് ലീഡ് പിടിച്ചു. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ നാല് എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും രണ്ട് കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

Advertisement