‘പനിയും ചുമയും ശ്വാസം മുട്ടും’, 1 വയസുകാരിയുടെ ശ്വാസനാളിയിൽ നിന്ന് നീക്കിയത് എൽഇഡി ബൾബ്

778
Advertisement

മധുര: ഒരുവയസുകാരിക്ക് പനിയും ചുമയും ശ്വാസ തടസവും രൂക്ഷം. അവശനിലയിലായ പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളിയിൽ നിന്ന് നീക്കിയത് എൽഇഡി ബൾബ്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. കളിപ്പാട്ടത്തിന്റെ റിമോട്ടിൽ നിന്നുള്ള എൽഇഡി ബൾബാണ് ഒരു വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയത്. എന്നാൽ ബൾബ് ശ്വാസനാളിയിൽ കുടുങ്ങുകയായിരുന്നു. ശ്വാസ തടസവും ചുമയും മൂലം അവശനിലയിലായ പെൺകുഞ്ഞിനെ വീട്ടുകാർ മധുര ഗവ. രാജാജി ആശുപത്രിൽ എത്തിക്കുകയായിരുന്നു.

പരിശോധനയിൽ ശ്വാസനാളിയിൽ എന്തോ തടഞ്ഞ് നിൽക്കുന്നതായി വ്യക്തമായി. ഇതോടെ ശ്വാസകോശ വിദഗ്ധർ, പീഡിയാട്രിക് സർജന്മാർ, അനസ്‌തെറ്റിസ്‌റ്റ് തുടങ്ങിയവരുടെ സംഘം കുട്ടിയെ പരിശോധിച്ച് മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിലാണ് ശ്വാസനാളിയിൽ നിന്നുള്ള അന്യവസ്തു പുറത്തെടുത്തത്. ഈ സംഘത്തിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെയാണ് ബൾബ് പുറത്തെടുത്തത്. കുട്ടിയുടെ ജീവന് ആപത്തില്ലാതെ ബൾബ് പുറത്തെടുത്ത മെഡിക്കൽ സംഘത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിനന്ദിച്ചു.

Advertisement