ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടനാ സംവാദത്തിലെ മറുപടിയില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറഞ്ഞ നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അടിയന്തരാവസ്ഥ അടക്കമുള്ള വിഷയങ്ങളും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ഭരണഘടനയെ മുറിപ്പെടുത്താന്‍ ഒരു കുടുംബം എല്ലാം ചെയ്തുവെന്നായിരുന്നു ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന സംവാദത്തിലാണ് മോദി പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ വ്രണപ്പെടുത്താന്‍ എല്ലാം ചെയ്തു. ഒരു കുടുംബം എന്ന് മാത്രം ഞാന്‍ പറയുന്നു, കാരണം ആ കുടുംബം 55 വര്‍ഷം രാജ്യം ഭരിച്ചു’ മോദി പറഞ്ഞു. ഈ കുടുംബം എല്ലാകാലത്തും ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി ഇതിനോട് കൂട്ടിച്ചേര്‍ത്തു.






































