ഫിൻജാൽ ചുഴലി, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം

352
Advertisement

ചെന്നൈ. ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം.
തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 7 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. പുതുച്ചേരിയിൽ ദുരിതബാധിതർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കൃഷ്ണഗിരിയിലാണ് ഇന്ന് അതിശക്തമായ മഴയുണ്ടായത്.

24 മണിക്കൂറിന് ശേഷമാണ് തിരുവണ്ണാമലൈ വിയുസി ടൗണിൽ മണ്ണിനടയിലായ 7 പേരെ കണ്ടെത്തിയത്. അണ്ണാമലയാർ കുന്നിൽ താഴെ താമസിക്കുന്ന രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം ഇനിയ എന്നിവരും രാജ്കുമാറിന്റെ സഹോദരന്റെ മൂന്ന് മക്കളുമാണ് മരിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിയുസി ടൗണിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഊട്ടിയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിച്ചതോടെ ഫിഞ്ചാൽ തമിഴ് നാട്ടിലും പുതുച്ചേരിയിലുമായ കവർന്ന ജീവനുകൾ 21 ആയി. കൃഷ്ണഗിരിയിലാണ് ഇന്ന് കനത്ത മഴയാണ് പെയ്തത്. സേലം തിരുപ്പത്തൂർ ഹൈവേയിലെ ഉത്തൻകരൈ ബസ് സ്റ്റാൻഡ് പൂർണമായും മുങ്ങി. പുതുച്ചേരിയിലും വിഴിപ്പുറത്തും കടലൂരിലും വീടുകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. വിഴിപ്പുറത്തും കടലൂരിലുമായി നാലായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. തിരുവണ്ണാമലൈയിൽ 147 ക്യാമ്പുകളിലായി 7776 പേർ കഴിയുന്നുണ്ട്.

റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും 5000 രൂപ വീതം പുതുച്ചേരി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വീടു തകർന്നവർക്കും കൃഷി നശിച്ചവർക്കും പ്രത്യേകം തുക നൽകും. വിഴപ്പുറത്ത് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പത്ത് ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കി.വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്ഥാലിനും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

Advertisement