മത്സ്യബന്ധന ബോട്ടിനെ സംശയം, കുതിച്ചെത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പിടിച്ചെടുത്തത് 5,000 കിലോയോളം മയക്കുമരുന്ന്

1330
Advertisement

ന്യൂഡൽഹി: ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ വൻ ലഹരി വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഈ മാസം ആദ്യം ​ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും സമാനമായ രീതിയിൽ വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 700 കിലോഗ്രാം മെത്താഫിറ്റമിനാണ് ഗുജറാത്ത് തീരത്തിന് സമീപത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ ‌എട്ട് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എൻസിബി, നാവിക സേന, ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

അതേസമയം, ഈ വർഷം മാത്രം സമുദ്രപാതയിലൂടെ കടത്തിയ 3,500 കിലോഗ്രാം മയക്കുമരുന്നാണ് വിവിധ ഏജൻസികൾ പിടികൂടിയത്. മൂന്ന് കേസുകളിലായി 11 ഇറാൻ പൗരൻമാരെയും ‌14 പാകിസ്ഥാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം നിലവിൽ കോടതി വിചാരണ കാത്ത് ജയിലിലാണെന്ന് എൻസിബി അറിയിച്ചു.

Advertisement