പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

933
Advertisement

ചെന്നൈ.പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. എൺപത് വയസായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ആയിരുന്നു അന്ത്യം. നാളെ രാവിലെ ഒൻപതരയ്ക്ക് ആണ് സംസ്കാരം.

അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതം…
തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നാനൂറിലധികം ചിത്രങ്ങൾ. നിരവധി സീരിയലുകളിലെ പ്രധാനമുഖം.. തന്റെ ശബ്ദത്തിലൂടെ ജീവൻ നൽകിയ അനേകം കഥാപാത്രങ്ങൾ… ഗണേഷ് എന്ന ഡൽഹി ഗണേഷ് വിടവാങ്ങുമ്പോൾ പ്രേക്ഷകർക്കും സിനിമ ലോകത്തിനും ഓർത്തിരിക്കാൻ ഒരുപാട് ബാക്കിയാകുന്നുണ്ട്. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഗണേഷ്. സിനിമയോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് എയർ ഫോഴ്സ് കുപ്പായം അഴിച്ചുവച്ചു. വിഖ്യാത സംവിധായകൻ കെ ബാൽചന്ദ്രന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് സിനിമയിലേക്ക് എത്തുന്നത്. ഡൽഹി ഗണേഷ് എന്ന പേര് നൽകിയതും കെ ബാലചന്ദ്രൻ തന്നെ. സിന്ധു ഭൈരവി , നായകൻ , അപൂർവ സഹോദരർകൾ, മൈക്കൾ മദന കാമ രാജൻ , ആഹാ, തെന്നാലി എന്നിവ ഏറ്റവും ശ്രദ്ധേയമായചിത്രങ്ങളിൽ ചിലതാണ്.
ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും തന്റെ സാനിധ്യം അറിയിച്ചു . 1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ​ഗണേഷ് സ്വന്തമാക്കി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്ത്യ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9:30ക്ക് ചെന്നൈയിൽ നടക്കും.

Advertisement