നിയന്ത്രണ രേഖയിൽ പട്രോളിങ്; ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും: ഇന്ത്യ–ചൈന ധാരണ

112
Advertisement

ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ അതിർത്തി തർക്കത്തിൽ ഇന്ത്യ ചൈനയുമായി ധാരണയിലെത്തിയതായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചത്.

ധാരണ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും. മേഖലയിൽ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ട്. അതേസമയം, നാളെ റഷ്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ – ചൈന ഉഭയകക്ഷി ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉച്ചകോടിക്കിടെ നരേന്ദ്ര മോദി – ഷി ചിൻപിങ് കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ.

Advertisement