ജാതിവെറിയിൽ പീഡനം അൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു 20 പേർക്കെതിരെ കേസ്
ധർമപുരി( തമിഴ്നാട്). തമിഴ്നാട് ധർമപുരിയിൽ ജാതിവെറിയെ തുടർന്ന് അൻപതുകാരിയായ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. മകൻ ഉന്നത ജാതിയിൽപ്പെട്ട യുവതിയുമായി ഒളിച്ചോടിയതിനായിരുന്നു ക്രൂരപീഡനം. 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.
കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. ഗ്രാമത്തിലെ യുവാവും സമീപഗ്രാമത്തിലെ യുവതിയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ 14 ന് ഇവർ ഒളിച്ചോടി. ഇവരെ അന്വേഷിച്ചാണ് പെൺകുട്ടിയുടെ പിതാവും സംഘവും യുവാവിൻ്റെ വീട്ടിലെത്തിയത്. മകൻ പോയത് പോലും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.
യുവാവിൻ്റെ പിതാവിനെ സംഘം മർദിച്ചു. ഇത് തടയാനെത്തിയ മാതാവിനെ ബന്ധുക്കളുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കി മർദ്ദിച്ചു. തുടർന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരതയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയുണ്ടായില്ലെന്ന് യുവാവിൻ്റെ കുടുംബം കുറ്റപ്പെടുത്തി. പ്രതിഷേധത്തിനൊടുവിലാണ് പെൺകുട്ടിയുടെ പിതാവ് ഭൂപതി, മാതാവ് ശെൽവി ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തത്.






































