ന്യൂഡല്‍ഹി:ഭാരതം 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി സംസാരിച്ചത്. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സാധിക്കും. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യം നേടാനാകുമെങ്കില്‍, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ എന്ത് നേടാനാകുമെന്ന് സങ്കല്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.


































