ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മലയിടുക്കിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേർ മരിച്ചതായി റിപ്പോർട്ട്.
ഏഴ് പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. 23 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ഋഷികേശ് ബദരീനാഥ് ഹൈവേയില്‍ അളകനന്ദ നദിക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം.ഡല്‍ഹി ഗാസിയാബാദില്‍നിന്ന് ചോപ്ത തുംഗനാഥിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഋഷികേശ് എയിംസിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
എസ്.ഡി.ആർ.എഫ്. സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ധാമി, പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപികട്ടെയെന്ന് പ്രാർഥിക്കുന്നതായും എക്സില്‍ കുറിച്ചു.





































