മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍കയറി വെടിവച്ചുകൊന്നു

Advertisement

അരാരിയ.ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍കയറി വെടിവച്ചുകൊന്നു. ‘ദൈനിക് ജാഗരണ്‍’ പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വിമല്‍ കുമാര്‍ യാദവാ(35)ണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയിലെ റാണിഗഞ്ച് ബസാര്‍ പ്രദേശത്തെ പ്രേംനഗറില്‍ ഇന്ന് പുലര്‍ച്ചെ വീടിന്‍റെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്ന വിമലിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം.

ബൈക്കില്‍ വന്ന 4 അക്രമികള്‍ വിമലിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് അക്രമികള്‍ സ്ഥലം വിട്ടു.

കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയതായാണ് വിവരം. വിമല്‍കുമറിന്‍റെ അനുജനെ ഇപ്പോള്‍ സംശയിക്കുന്ന സ്ഥലവാസികള്‍തന്നെയായ സംഘം കൊലപ്പെടുത്തിയ കേസില്‍ ദൃക്സാക്ഷിയാണ് വിമല്‍കുമാര്‍. വിമലിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. അദ്ദേഹം ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ അന്വേഷണം പോലും നടന്നില്ലെന്ന് ബന്ധു പറയുന്നു.

ബിഹാറില്‍ കാട്ടുനീതിയാണെന്ന് ആരോപിച്ച പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രമസമാധാന നിലഭദ്രമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറയുന്നു.