കൊല്ലം: ഇരു മുന്നണികളും ചേർന്ന് കേരളത്തിൽ ഒത്തുകളിക്കുകയാണെന്നും 5 വർഷം കൂടുമ്പോൾ മാറി മാറി ഭരിക്കുന്ന മുന്നണികളുടെ കസേരകളിക്കുള്ള ബദലായി ബിജെപി ഇനി ഇവിടെ ഉണ്ടാവുമെന്നും ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ നിതിൻ നബീൻ. എൻഡിഎ സ്‌ഥാനാർഥി ഡോ.എൻ പ്രതാപ്കുമാറിൻറെ തെരഞ്ഞെടുപ്പ് പ്രചരണാർഥം റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷ, ആരോഗ്യം, റെയിൽവേ, ഇൻഫ്രാസ്ട്രക്ച്ചർ, സ്ത്രീസുരക്ഷ, ഗ്രാമീണ വികസനം തുടങ്ങിയ രംഗങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ശ്രദ്ദേയമായ പുരോഗതി നിതിൻ നബീൻ ചൂണ്ടിക്കാണിച്ചു. കേരളത്തിന് എയിംസ് യാഥാർഥ്യമാക്കുമെന്നും ശബരിമല വിഷയത്തിൽ ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും നിതിൻ നബീൻ പറഞ്ഞു.
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ. എസ് വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മുഖ്യ പ്രഭാഷണം നടത്തി. മറുപടി പ്രസംഗത്തിൽ ബിജെപി കൊല്ലം മണ്ഡലം സ്ഥാനാർഥി ഡോ. എൻ പ്രതാപ് കുമാർ കൊല്ലം ഇക്കുറി മാറുമെന്ന് പ്രഖ്യാപിച്ചു.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് എടവട്ടം, പ്രകാശ് പാപ്പാടി, കൊല്ലം മണ്ഡലം ഇൻചാർജ് എ ജി ശ്രീകുമാർ, സ്റ്റേറ്റ് സ്പോക്സ്മെൻ എസ് ഡിന്നി, സംസ്‌ഥാന കമ്മറ്റി അംഗം എം എസ് ശ്യാംകുമാർ, ജില്ലാ സെക്രട്ടറി സാംരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ശശികല , സെക്രട്ടറിമാരായ മോൻസി ദാസ്, ഷൈലജ, ജില്ലാ സെൽ കോഡിനേറ്റർ പ്രണവ് താമരക്കുളം, സോഷ്യൽ മീഡിയ കോഡിനേറ്റർ സുമേഷ്, ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി ഓലയിൽ ബാബു, ഓബിസി മോർച്ച ജില്ലാ പ്രസിഡന്റ് അജിത്, ജെഡിയു ജില്ലാ പ്രസിഡന്റ് ബാഹുലേയൻ വിനോദ്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി മോനിഷ, ആർഎൽഡി ജില്ലാ പ്രസിഡന്റ് വിപിൻ കുമാർ എസ്, ലോക് ജനശക്തിയുടെ അജി രാമസ്വാമി, കൊല്ലം മണ്ഡലം പ്രസിഡന്റ് സൂരജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് ഷൈൻ എം ചടങ്ങിൽ നന്ദി പറഞ്ഞു.





























