കുന്നത്തൂർ:കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിന് ഇത് വോട്ടഭ്യർത്ഥനയല്ല, ഹൃദയങ്ങൾ തമ്മിലുള്ള ചേക്കേറലാണെന്ന് തെളിയിക്കുന്നതായിരുന്നു ബുധനാഴ്ചത്തെ പര്യടനം.വേറിട്ട പ്രചാരണവുമായി എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് ജനഹൃദയങ്ങളിലേക്ക് അടുക്കുകയാണ്.വെയിൽ കനക്കുന്ന തിരഞ്ഞെടുപ്പ് ചൂടിനിടയിലും സ്നേഹത്തിന്റെ തണുപ്പുള്ള നിമിഷങ്ങളിലൂടെയായിരുന്നു യാത്ര.രാഷ്ട്രീയ പ്രസംഗങ്ങളോ വോട്ടഭ്യർത്ഥനകളോ ഇല്ലാതെ,മനുഷ്യത്വത്തിന്റെ ഭാഷയിൽ നടത്തിയ യാത്ര വോട്ടർമാരുടെ ഉള്ളുതൊടുന്നതായി.പര്യടനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങൾ കുന്നത്തൂർ ഐവർകാലയിലെ ‘സാന്ത്വനം’ അഭയകേന്ദ്രത്തിലായിരുന്നു.മാനസിക വെല്ലുവിളികൾ നേരിടുന്ന അന്തേവാസികൾക്കിടയിലേക്ക് ഒരു രാഷ്ട്രീയക്കാരിയായല്ല,മറിച്ച് അവരുടെ പ്രിയപ്പെട്ടവരിൽ ഒരാളായാണ് രാജി പ്രസാദ് എത്തിയത്.അവരോടൊപ്പം ഏറെനേരം ചിലവഴിച്ചും വിശേഷങ്ങൾ തിരക്കിയും മനം നിറഞ്ഞാണ് മടങ്ങിയത്.
ലോകം മറന്നവർക്ക് മുൻപിൽ സ്നേഹത്തിന്റെ തണലായി മാറിയ സ്ഥാനാർത്ഥി, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും താൻ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധത വിളിച്ചോതി.ഭക്തിസാന്ദ്രമായ തുടക്കം,ആത്മബന്ധങ്ങളുടെ പര്യടനം
പടിഞ്ഞാറെ കല്ലട കുന്നിപ്പള്ളിയാൽ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.തുടർന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലും പങ്കുചേർന്നു.വിശ്വാസികളുമായി സ്നേഹബന്ധം പുതുക്കിയും അവരുടെ പ്രാർത്ഥനകളിൽ പങ്കാളിയായുമാണ് മുന്നോട്ട്.വിജയഘോഷങ്ങൾക്കിടയിലും വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങളെ മറക്കാതെ മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിച്ച് ആശ്വാസമേകിയ രാജി പ്രസാദ്,നാട്ടുകാരുടെ സുഖദുഃഖങ്ങളിൽ താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറച്ച സന്ദേശമാണ് നൽകിയത്.
പ്രണവം ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷന് ശേഷം ശാസ്താംകോട്ട ടൗണിൽ എത്തിയ സ്ഥാനാർഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.വഴിനീളെ കണ്ടുമുട്ടിയ കച്ചവടക്കാരോടും വഴിയാത്രക്കാരോടും സൗഹൃദം പങ്കിട്ട്, വലിയ വാഗ്ദാനങ്ങൾക്കപ്പുറം ജനങ്ങളുമായുള്ള ആത്മബന്ധത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അവർ തെളിയിച്ചു.വോട്ടർമാരുടെ സ്നേഹപ്രകടനങ്ങൾ രാജി പ്രസാദിന്റെ പര്യടനത്തെ ഒരു രാഷ്ട്രീയ പ്രചാരണത്തിനപ്പുറം ഒരു ജനകീയ ഉത്സവമാക്കി മാറ്റി

































