കൊല്ലം: കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജു(48 ) ആണ് അറസ്റ്റിലായത്.
കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.
മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.
മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയല്‍വാസികള്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






























