ശാസ്താംകോട്ട:സഹകരണ സംഘത്തിന്റെ കോടികൾ വില മതിക്കുന്ന സ്ഥലവും കെട്ടിടങ്ങളും സഹകരണ ആശുപത്രിക്ക് കൈമാറാനുള്ള സിപിഎമ്മിന്റെ രഹസ്യ നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഐ
രംഗത്ത്.പുതിയകാവ്- ചക്കുവള്ളി പ്രധാന പാതയോരത്ത് ശൂരനാട് വായനശാല ജംഗ്ഷനിലുള്ള ശാസ്താംകോട്ട കോക്കനട്ട് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ രണ്ടര ഏക്കർ സ്ഥലവും കെട്ടിടങ്ങളുമാണു അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ മറവിൽ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് വാടകയ്ക്ക് കൈമാറാൻ ഉത്തരവായത്.
കൊല്ലം പാലത്തറയിൽ സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ പതാരത്ത് പ്രവർത്തിക്കുന്ന ശാഖയുടെ വിപുലീകരണത്തിനു വേണ്ടിയാണ് ഭരണത്തിൻ്റെ തണലിൽ ഉത്തരവായത്.സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളും ലോക്കൽ കമ്മിറ്റികളും ഇതിനെതിരെ പ്രതിഷേധവുമായി ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു.കൊല്ലം- പത്തനംതിട്ട ജില്ലകളിലെ പറക്കോട്,ശാസ്താംകോട്ട,ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളിലെ ആയിരത്തിൽപരം എ ക്ലാസ് വ്യക്തി അംഗങ്ങളും 40 ബി ക്ലാസ് സഹകരണസംഘം അംഗങ്ങളും ചേർന്നുള്ള സ്ഥാപനത്തിന്റെ സ്വത്തുക്കൾ യഥാർഥ ഉടമകൾ അറിയാതെ,സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സ്‌ഥാപനത്തിന് കൈമാറാൻ സഹകരണ വകുപ്പ് ശ്രമിച്ചെന്നാണ് പരാതി.
സർക്കാർ വകുപ്പുകളുടെ സഹായത്തോടെ സഹകരണ നിയമങ്ങളും ചട്ടങ്ങളും മറികടന്നുള്ള ജനാധിപത്യവിരുദ്ധമായ നീക്കം ഏറെ വൈകിയാണ് സിപിഐ നേതാക്കൾ അറിഞ്ഞത്.സിപിഐ പ്രസിഡൻ്റ് സ്‌ഥാനം വഹിച്ചിരുന്ന സംഘം 6 വർഷമായി അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ്.സംഘത്തിന്റെ പൊതുയോഗമോ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ അറിയാതെ രഹസ്യമായി നടക്കുന്ന നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സഹകരണ വകുപ്പിന് സിപിഐ ഘടകങ്ങളും നേതാക്കളും പരാതി നൽകിയത്.അഡ്മിനിസ്ട്രേറ്റർ ഭരണം എത്രയും വേഗത്തിൽ അവസാനിപ്പിച്ച് സംഘത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലാത്തപക്ഷം നിലവിലുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
ഏറെ നാടകീയമായാണ് ശൂരനാട്ടെ ചില സിപിഎം നേതാക്കള്‍ ഈ സംഘത്തിന്‍റെ ആസ്തിസ്വന്തമാക്കാന്‍ നീക്കം നടത്തിയത്. കൊല്ലത്തെ ആശുപത്രിയുടെ ബ്രാഞ്ച് പതാരത്ത് കൊണ്ടുവന്നതാണ് ആദ്യ തന്ത്രം. അവിടെ സൗജന്യ ക്യാമ്പുകളും കുറഞ്ഞനിരക്കിലെ ചികില്‍സയും ലഭ്യമാക്കി നാട്ടുകാരുടെ അഭിപ്രായം സ്വരൂപിച്ചു. ഇതെല്ലാം ശൂരനാട്ടെ ചില നേതാക്കളുടെ കൃത്യമായ താല്‍പര്യത്തിലാണ് നടന്നത്. എന്നിട്ടും സിപിഐ ഈ തന്ത്രം മനസിലാക്കിയില്ലെന്നതാണ് സത്യം. 1969ലെ പഴയൊരു സഹകരണ നിയമം മുന്നോട്ടു വച്ചാണ് അനുകൂലമായ ഹൈക്കോടതി വിധി നേടിയതെന്നതും സിപിഐക്കാരെ അമ്പരപ്പിക്കുന്നു.
‘




























