എൻ.ഡി.പി.എസ് നിയമത്തിലെ നിരോധിത മയക്ക് മരുന്ന് കടത്തൽ തടയൽ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. കരുനാഗപ്പള്ളി ആദിനാട് പുന്നക്കുളം ഷീജ മൻസിലിൽ മുഹമ്മദ് റാഫി(25)യെയാണ് പിറ്റ് എൻ.ഡി.പി.എസ് നിയമ പ്രകാരം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചത്. പിറ്റ് എൻ.ഡി.പി.എസ് പ്രകാരം മുഹമ്മദ് റാഫിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതിയുടെ ബന്ധുക്കൾ ചേർന്ന് തടയുകയും തുടർന്ന് വിദഗ്ധമായ ഇടപെടലിലൂടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. മാരക ലഹരി മരുന്നായ എം.ഡി.എം.എ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വർഷം മുഹമ്മദ് റാഫിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024 ൽ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിലും എം.ഡി.എം.എ കൈവശം വച്ച് വിൽപ്പന നടത്തിയതിലേക്ക് ഇയാൾ പ്രതിയായി ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്നു. ലഹരി മരുന്നു കച്ചവട സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മുഖേന കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കേരളാ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പിറ്റ് എൻ.ഡി.പി.എസ് നിയമ പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്. തുടർന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങൾക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, ആഷിഖ്, എസ്.സി.പി.ഒ ഹാഷിം, സിപിഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് റാഫിയെ വിദഗ്ധമായി പിടികൂടിയത്.




























