ശാസ്താംകോട്ട: ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റും മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനുമായ ദിനകർ കോട്ടക്കുഴിയെ ആക്രമിച്ച കേസിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പി ഓഫീസിലെ എ.ഡി.ജി.പി മുഖേന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിലേക്ക് തുടർനടപടിക്കായി കൈമാറുകയായിരുന്നു.
ലഹരി മാഫിയയ്ക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ നിലപാട് എടുത്തതിനെത്തുടർന്ന് തനിക്കെതിരെ നിരന്തരമായ വധഭീഷണിയും വംശീയ അധിക്ഷേപവും ഉണ്ടാകുന്നുവെന്ന് കാട്ടിയാണ് ദിനകർ മുഖ്യമന്ത്രിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരി 5-ന് പടിഞ്ഞാറേ കല്ലട നടുവിലക്കരയിൽ വെച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറി വംശീയമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു പഞ്ചായത്ത് അംഗങ്ങളും 2 സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ള 11 പേർക്ക് അക്രമത്തിൽ പങ്കുണ്ട്. ഒരാൾക്കെതിരെ നിലവിൽ എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം (അട്രോസിറ്റി ആക്ട്) കേസെടുത്തിട്ടുണ്ടെങ്കിലും, സാമൂഹിക മാധ്യമങ്ങളിൽ കൂടി അപമാനിക്കുന്നതിനും അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് എത്തിയത്.

































