മൺട്രോതുരുത്ത്: കണ്ടൽക്കാടുകളുടെ സംരക്ഷണവും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ട് മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യു.പി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മൺട്രോതുരുത്തിൽ കണ്ടൽച്ചെടികൾ നട്ടു.
തീരപ്രദേശങ്ങളുടെ സ്വാഭാവിക സുരക്ഷാ കവചമായ കണ്ടൽക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വിദ്യാർത്ഥികളുടെ ഈ സന്ദർശനം. മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് അവർ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് അർഷാദ് മന്നാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ പരിസ്ഥിതി പ്രവർത്തകൻ ശ്യാംദേവ് ശ്രാവണം മുഖ്യപ്രഭാഷണം നടത്തി. “കണ്ടൽക്കാടുകൾ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്” എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കടൽക്ഷോഭങ്ങളിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും കരയെ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്.ജയലക്ഷ്മി, ജൂനിയർ റെഡ് ക്രോസ്കോഡിനേറ്റർ ശ്രീ എം ആർ. സുനീഷ് , സ്റ്റാഫ് സെക്രട്ടറി സൈജു . അധ്യാപകരായ ഉണ്ണികൃഷ്ണൻ. ജിജ, ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
































