കുന്നത്തൂർ:വാഹന തിരക്കേറിയ ഭരണിക്കാവ് – കൊട്ടാരക്കര പാതയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ നടക്കുന്ന റോഡ് നവീകരണം നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു.കൊട്ടാരക്കര മുതൽ പുത്തൂർ വരെയും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയും നടക്കുന്ന
റോഡ് നവീകരണമാണ് ജനത്തെ പ്രതിസന്ധിയിലാക്കിയത്.രൂക്ഷമായ പൊടി ശല്യമാണ് ജനത്തെ വലയ്ക്കുന്ന പ്രധാന പ്രശ്നം.പല ഭാഗത്തും റോഡ് നൂറ്,ഇരുനൂറ് മീറ്റർ ദൈർഘ്യത്തിൽ ഇളക്കി മാറ്റിയ ശേഷം ചിപ്സും പാറപ്പൊടിയും വിരിച്ചിരിക്കയാണ്.വാഹനങ്ങൾ ഇതുവഴി അതിരൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്.കുന്നത്തൂർ പാലത്തിന് പടിഞ്ഞാറ് ആറ്റുകടവ്,ഫാക്ടറി ജംഗ്ഷൻ,നെടിയവിള ജംഗ്ഷൻ,ഭൂതക്കുഴി ഫാക്ടറി തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് ഇളക്കിയതു മൂലം പൊടിശല്യം രൂക്ഷമായിരിക്കുന്നത്.കുന്നത്തൂർ കിഴക്ക് ഗവ.എൽ.പി സ്കൂളിൽ ക്ലാസ്മുറികൾ അടച്ചിട്ടാണ് ഒരാഴ്ചയായി പഠനം നടത്തുന്നത്.സ്കൂളും ആഡിറ്റോറിയവും ഉൾപ്പെടെ എല്ലാ ഭാഗങ്ങളും പൊടി കൊണ്ട് നിറഞ്ഞിരിക്കയാണ്.പാതയോരത്തെ വീടുകളും പൊടി അഭിഷേകത്തിലാണ്.വീടുകളുടെ മുൻവാതിലുകൾ തുറക്കാനോ,ജനങ്ങൾക്ക് പുറത്തിറങ്ങാനോ,കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയിലാണ്.വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനും കഴിയുന്നില്ല.നെടിയവിള ജംഗ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ വലിയ നഷ്ടം തന്നെ സംഭവിച്ചതായാണ് റിപ്പോർട്ട്.

വാഹനങ്ങൾ അമിതവേഗതയിൽ ചീറിപായുന്നതും പൊടിശല്യം രൂക്ഷമാക്കുന്നു.രാത്രികാലങ്ങളിൽ റോഡ് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ പൊടി പറക്കുന്നതിനാൽ അപടങ്ങൾക്കും സാധ്യത ഏറെയാണ്.ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് തവണ വെള്ള നന നടത്തമെന്ന വ്യവസ്ഥ കരാറുകാരൻ പലപ്പോഴും പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്.പരാതികളും പ്രതിഷേധങ്ങളും ശക്തമാകുമ്പോൾ എപ്പോഴെങ്കിലും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് നനച്ചിട്ട് പോകുന്നതാണ് രീതി.എന്നാൽ ശക്തമായ ചൂടും വാഹനങ്ങളുടെ തിരക്കും കാരണം വേഗം ഉണങ്ങുകയും പൊടിശലും രൂക്ഷമാകുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്.റോഡ് ഉപരോധിച്ച് പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
































