ശാസ്താംകോട്ട:തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
‘ഇരുള നൃത്തത്തിൽ’ ഇക്കുറിയും എ ഗ്രേഡ് കരസ്ഥമാക്കി ശൂരനാട് തെക്ക് പതാരം ശാന്തിനികേതൻ മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ എച്ച്.എസ്എസ് വിഭാഗം.പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തത്തിൽ 15 ഓളം അംഗങ്ങളാണ് ഉണ്ടാകുക.തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് ഇതിലെ പാട്ടുകളുടെ ഭാഷ.നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യമുള്ള കലാരൂപം കൂടിയാണ് ഇരുള നൃത്തം.കലാകാരന്മാർ തുകൽ,മുള മരം മുതലായവ കൊണ്ട് നിർമ്മിച്ച വാദ്യങ്ങളുടെ താളത്തിലാണ് നൃത്തം ചെയ്യുന്നത്.പാലക്കാട് അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമിയാണ് ശാന്തിനികേതൻ സ്കൂളിലെ കുട്ടികളുടെ പരിശീലകൻ.അയ്യപ്പനും കോശിയും,വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം
നഞ്ചിയമ്മയുമായി ചേർന്ന് ഗോത്രകലകളുടെ ഒരു കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.തെക്കൻ ജില്ലകളെ സംബന്ധിച്ച് ഇരുള നൃത്തം എന്നത് അത്ര പരിചയമില്ലാത്ത ഒരു ഗോത്രകലയാണ്.പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമാണിത്.



































