ആനയടി:പഴയിടം നരസിംഹസ്വാമിയുടെ തിരുനടയോട് ചേർന്ന വിശാലമായ വയലേലയിൽ സായന്തന സൂര്യന് ചന്തം ചാർത്തി ചൊവ്വാഴ്ച നടക്കുന്ന പ്രസിദ്ധമായ ആനയടി ഗജമേളയിൽ അണിനിരക്കാൻ കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരെല്ലാം ഒഴുകിയെത്തുന്നു.ആനയടിയുടെ ഗ്രാമവീഥികളിലെല്ലാം ഇപ്പോൾ ഗജവീരന്മാരുടെ ചങ്ങലകിലുക്കമാണ് കേൾക്കാൻ കഴിയുന്നത്.ആനയടിയോട് ചേർന്ന താമരക്കുളം നെടിയാണിക്കൽ ക്ഷേത്ര മൈതാനിയിലും നിരവധി ഗജവീരന്മാർ ‘റെസ്റ്റ്’ ചെയ്യുന്നുണ്ട്.നരസിംഹ പ്രിയൻ ആനയടി അപ്പുവിൽ തുടങ്ങി തൃക്കടവൂർ ശിവരാജു വഴി പുത്തൻകുളം അർജുനനിലേക്ക് എത്തുന്നു ആ നീണ്ട ഗജനിര.തിരുവാണിക്കാവ് രാജഗോപാൽ,പുതുപ്പള്ളി സാധു,കുളമാക്കിൽ പാർത്ഥസാരഥി,പരിമണം വിഷ്ണു,ചിറയ്ക്കൽ കാളിദാസൻ,പുതുപ്പള്ളി കേശവൻ,അക്കാവിള വിഷ്ണു നാരായണൻ,കുന്നത്തൂർ രാമു,പനയന്നാർക്കാവ് കാളിദാസൻ,താമരക്കുടി വിജയൻ,അരുണിമ പാർത്ഥസാരഥി,പുത്തൻകുളം വിക്രം,തടത്താവിള മണികണ്ഠൻ,വിഷ്ണുലോകം രാജസേൻ,വഴുവാടി ശ്രീകണ്ഠൻ,പെരിങ്ങലിപ്പുറം അപ്പു,പുത്തൻകുളം കേശവൻ,ഉണ്ണിമങ്ങാട് ഗണപതി,പുത്തൻകുളം മോദി,ഉണ്ണിമങ്ങാട് കണ്ണൻ,മഹാലക്ഷ്മി ശിവൻ,പനയ്ക്കൽ നന്ദൻ,തണ്ണീർക്കര മണികണ്ഠൻ,ആരാധന ശിവകാശി കൃഷ്ണൻ,കുന്നത്തൂർ കുട്ടിശങ്കരൻ ഉൾപ്പെടെ തലയെടുപ്പുള്ള 60ൽപ്പരം ആനകളാണ് ഗജമേളയിൽ അണിനിരക്കുന്നത്.നാട്ടിടവഴികളിലും മറ്റും തമ്പടിച്ചിരിക്കുന്ന ഗജവീരന്മാരെ കാണാൻ അന്യനാടുകളിൽ നിന്നു പോലും നിരവധിപേരാണ് ആനയടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.അയോദ്ധ്യ, സംഗമം,ഛത്രപതി ആനയടി,നരഹരി ആനയടി,ധർമ്മരക്ഷ പടിഞ്ഞാറൻദേശം,ചിഞ്ചിലം ബ്രദേഴ്സ് തുടങ്ങിയ സംഘടനകളാണ് പ്രധാന ഗജവീരന്മാരെ ഇറക്കിയിരിക്കുന്നത്.ചൊവ്വ വൈകിട്ട് 5 ന് പ്രസിദ്ധമായ ഗജമേളയ്ക്ക് തുടക്കമാകും.5.30 മുതൽ പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ഗജമേളയ്ക്ക് പകിട്ടേക്കും



































