ശാസ്താംകോട്ട:നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.പള്ളിശ്ശേരിക്കൽ കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ വിജോ ഭായി എന്ന് വിളിക്കുന്ന വിജോ ജോസഫ് (32)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചത്.തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയായി ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം ക്രമസമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് എസ്.എച്ച്.ഒ
എ.അനീസ് റൂറൽ ജില്ലാ പോലീസ് മേധാവി മുഖാന്തിരം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ആറ് ക്രൈം കേസുകളിലും ശൂരനാട് പോലീസ് സ്റ്റേഷനിൽ ഒരു കേസിലും പ്രതിയാണ് ഇയ്യാൾ.കഴിഞ്ഞ സെപ്തംബർ 8 ന് ശാസ്താംകോട്ടയിലെ ബാറിൽ സംഘർഷം ഉണ്ടാക്കിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു.ശാസ്താംകോട്ട ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ അനീസ്,എസ്.ഐമാരായ വിമൽ രംഗനാഥ്,മനീഷ്,സിപിഒമാരായ നഹാസ്,അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.







































