ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലത്തിലെ വികസനത്തെച്ചൊല്ലി എം.എൽ.എ.യും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വികസന സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ അറിയിച്ചു. എന്നാൽ, എം.എൽ.എ. ഒരിക്കലും ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാവില്ലെന്നും ഒരു ആവേശത്തിന് വെറുതെ വിളിച്ചു പറഞ്ഞതാണെന്നും ഉല്ലാസ് പരിഹസിച്ചു.
മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കുന്നത്തൂരിലെ വികസന മുരടിപ്പ് ഇവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാമെന്ന് ഉല്ലാസ് കോവൂർ പറഞ്ഞു. കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് വികസന നേട്ടങ്ങളെക്കുറിച്ച് ജനമധ്യത്തിൽ സംസാരിക്കാൻ ഭയമാണ്. വെല്ലുവിളി നടത്തി പിൻവാങ്ങുന്നതാണ് എം.എൽ.എ.യുടെ പതിവെന്നും, ഒരു തുറന്ന വേദിയിൽ വികസനം ചർച്ച ചെയ്യാൻ അദ്ദേഹം വരുമെന്ന കാര്യത്തിൽ തനിക്ക് വലിയ സംശയമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ഉല്ലാസ് കോവൂർ, കേവലം 2,790 വോട്ടുകൾക്കാണ് കുഞ്ഞുമോനോട് പരാജയപ്പെട്ടത്. യുവജന പ്രസ്ഥാനമായ ആർ.വൈ.എഫിലൂടെ പൊതുരംഗത്തെത്തി മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായ അദ്ദേഹം, എം.എൽ.എ.യുടെ വെല്ലുവിളി ഏറ്റെടുത്തതോടെ കുന്നത്തൂർ രാഷ്ട്രീയം വരും ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.




































