കുണ്ടറ താലൂക്ക് ആശുപത്രി: ബഹുനില മന്ദിരം ജനുവരി 19ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Advertisement

കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം  ജനുവരി 19 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, എം.മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ജി ബാബുലാല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്‍ സേവനങ്ങള്‍ക്ക് പുറമേ  ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കുണ്ടറ  പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഓമനക്കുട്ടന്‍, പേരയം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ വര്‍ഗീസ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദു മോള്‍, ഡി എം ഒ ഡോ എം.എസ് അനു, ഡി പി എം ഡോ. ദേവ് കിരണ്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വിജയകുമാര്‍, ചിറ്റുമല ബ്ലോക്ക്മുന്‍ പ്രസിഡന്റ് ജയദേവി മോഹന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here