ജലമെത്താന്‍ 5ദിവസം,കനാലുകൾ വൃത്തിയാക്കാതെ ജലം തുറന്ന് വിടുമോ?

Advertisement

ശാസ്താംകോട്ട:വേനൽ ശക്തിപ്പെട്ട് ജല ദൗർലഭ്യം തുടങ്ങിയതോടെ കല്ലട ജലസേചന പദ്ധതിയിലൂടെ ജലം ഒഴുക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ കനാലുകൾ വൃത്തിയാക്കാതെയാണ് ജലം തുറന്ന് വിടുന്നത് എന്ന് ആക്ഷേപം. ഇന്നലെ മുതൽ വെള്ളം ഒഴുക്കുമെന്നാണ് അധികൃതർ പറഞ്ഞത്. അങ്ങനെ എങ്കിൽ 5 ദിവസത്തിനുള്ളിൽ കുന്നത്തൂരിൽ ജലം എത്തും.
കെ.ഐ.പി വലതുകര കനാലിന്റെ ഭാഗമായി
കുന്നത്തൂർ താലൂക്കിൽ ഉപ കനാലുകൾ ഉൾപ്പെടെ 240 കിലോമീറ്റർ കനാൽ ശൃംഖലയാണ് ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് കെ.ഐ.പി കരാർ നൽകിയാണ് കനാൽ ശുചീകരണം നടത്തിയിരുന്നത്.ഇതിൽ വലിയ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെയും ആവശ്യമായ ഫണ്ട് സർക്കാർ നൽകാത്തതോടെയും ഇത് നിലച്ചു.
പിന്നീട് കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ആ കാലഘട്ടത്തിൽ ഡിസംബറിൽ കനാൽ വൃത്തിയാക്കൽ ആരംഭിക്കുകയും ജനുവരി പകുതിയോടെ കനാൽ വഴി വെള്ളമൊഴുക്കുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം കനാൽ വൃത്തിയാക്കാൻ കഴിയാത്തതിനാൽ ആണ് കനാൽ വൃത്തിയാക്കൽ നിലച്ചത്. ഭാരിച്ചതുക ചെലവഴിച്ച് കനാൽ വൃത്തിയാക്കാൻ കെ.ഐ.പി യോ പഞ്ചായത്ത് അധികൃതരോ തയ്യാറാവുന്നില്ല. ഇതോടെ കഴിഞ്ഞ വർഷം മുതൽ കനാൽ വൃത്തിയാക്കാതെ തന്നെ വെള്ളം ഒഴുക്കി വിടുകയാണ്. കനാലുകളിൽകാടുകൾ നിറഞ്ഞും മാലിന്യം കുന്നു കൂടിയും കിടക്കുന്നതിനാൽ
ജലം ഒഴുകുന്നതിന് തടസമാവുകയും മലിനജലം കനാൽ കര കവിഞ്ഞ് ഒഴുകുന്നതിനും തകർന്നു കിടക്കുന്ന ഭാഗങ്ങളിലൂടെ പുറത്തേക്ക് ഒഴുകി വീടുകളിലും കൃഷി ഇടങ്ങളിലും
കയറുന്നതിനും കാരണമാകുന്നു. കൂടാതെ സാംക്രമിക രോഗങ്ങൾ പകരുന്നതിനും ഇത് കാരണമാകും.
അതിനാൽ കനാൽ വൃത്തിയാക്കി തന്നെ ജലം ഒഴുക്കണമെന്നാണ് ജനപ്രതിനിധികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here