ശാസ്താംകോട്ട . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വെറ്റ മുക്ക് – താമരക്കുളം റോഡ് നിർമ്മാണം പുനരാരംഭിച്ചു.കരുനാഗപ്പള്ളി വെറ്റ മുക്കിൽ നിന്ന് ആരംഭിച്ച് തേവലക്കര വഴി മൈനാഗപ്പള്ളി പുത്തൻചന്ത വരെയും കരുനാഗപ്പള്ളി പടനായർകുളങ്ങര മുതൽ ശാസ്താംകോട്ട ടൗൺ വരെയും ഉള്ള 65 കോടിയുടെ കിഫ്ബി റോഡ് നിർമ്മാണ പദ്ധതി ആയിരുന്നുഇത്. 2019-ൽ കരാറുകാരൻ പണി ആരംഭിച്ചു. റോഡ് ആകെ ഇളക്കി മെറ്റലിംഗ് നടത്തുകയും പ്രാഥമിക ഘട്ട ടാറിംഗ് നടത്തുകയും ചെയ്തു. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് റോഡരികുകളിൽ ഇൻ്റർലോക്ക് കട്ടകൾ പാകുകയും ചെയ്തങ്കിലും പിന്നീട് കരാറുകാരൻ പണി ഉപേക്ഷിച്ചു പോവുകയായിരുന്നു.
മൈനാഗപ്പള്ളി – തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഏലായുടെ നടുക്ക് കലുങ്ക് നിർമ്മാണം അടക്കമാണ് കരാറുകാരൻ ഉപേക്ഷിച്ചത്.റോഡിൻ്റെ ഏറെ ഭാഗവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലൂടെ ആയതിനാൽ കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ അടക്കം റോഡ് നിർമ്മാണം ഉപേക്ഷിച്ചത് നിരവധി തവണ ചർച്ച ചെയ്യപ്പെട്ടു.
തുടർന്ന് നടത്തിയ നടപടികളുടെ ഭാഗമായി ആദ്യ കരാറുകാരനെ ഒഴിവാക്കി. ബഗേറോ എന്ന നിർമ്മാണ കമ്പനിയെ പിന്നീട് ചുമതപ്പെടുന്നുകയും ഇവർ വെട്ടിക്കാട്ട് കലുങ്ക് നിർമ്മിക്കുകയും വീതി വർദ്ധിപ്പിക്കേണ്ട ഭാഗങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ വീതി വർദ്ധിപ്പിച്ചങ്കിലും പിന്നീടും പണികൾ നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ടാറിംഗ് പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടുള്ള അവസാന ഘട്ട ടാറിംഗ് ആണ് കഴിഞ്ഞ ദിവസം മുതൽ ശാസ്താംകോട്ടയിൽ നിന്ന് ആരംഭിച്ചത്.







































