സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 വുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹിയറിംഗ് സജീവമായി പുരോഗമിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ഹിയറിംഗ് നടത്തുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും ഒരു എ.ഇ.ആര്‍.ഒയെയും ആറ് അഡീഷണല്‍ എ.ഇ.ആര്‍.ഒ മാരെയും വിന്യസിച്ചതായി വ്യക്തമാക്കി. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയാണ്. എസ്.ഐ.ആര്‍ (2002 വോട്ടര്‍ പട്ടിക) പ്രകാരം മാപ്പ് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയാണ് ഹിയറിംഗ്. ഇവരെകണ്ടെത്തി ഹിയറിംഗില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് രാഷ്ട്രീയകക്ഷികള്‍ നിര്‍ദേശം നല്‍കണം. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ് തീര്‍പ്പു കല്‍പ്പിക്കുക.
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് എല്ലാ വില്ലേജുകളിലും ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഹിയറിംഗ് കേന്ദ്രങ്ങളിലും കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിന് എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജനുവരി 22 വരെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നകം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തീരുമാനമെടുക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുണ്ടയ്ക്കലിലെ വെയര്‍ഹൗസില്‍ ഇ വി എം-വി.വി.പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധനപുരോഗമിക്കുന്നു. എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളും പ്രതിനിധിയെ നടപടിക്രമങ്ങളുടെ ഭാഗമായി ചുമതലപ്പെടുത്തണമെന്നും അറിയിച്ചു.
വി.കെ അനിരുദ്ധന്‍ (സി.പി.എം), ഈച്ചംവീട്ടില്‍ മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), അഡ്വ. തൃദീപ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), അഡ്വ. കൈപ്പുഴ വി. റാം മോഹന്‍ (ആര്‍.എസ്.പി), അഡ്വ. എസ് വേണുഗോപാല്‍ (ബി.ജെ.പി), എ ഫസലൂദ്ദീന്‍ ഹാജി (ഐ.യു.എം.എല്‍), തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement































