ശാസ്താംകോട്ട:വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്ന സാഹചര്യത്തിൽ തിരക്കേറിയ ആഞ്ഞിലിമൂട്,സിനിമാപറമ്പ് ജംഗ്ഷനുകളിൽ ഹോംഗാർഡിനെ നിയമിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം ശാസ്താംകോട്ട എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.കെ.എം.എം.എൽ, ഐ.ആർ.ഇ എന്നിവയുടെ സി.എസ്.ആർ ഫണ്ട് കുന്നത്തൂർ താലൂക്കിനു കൂടി ലഭ്യമാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി കത്ത് നൽകാൻ തഹസീൽദാരെ ചുമതലപ്പെടുത്തി.
ഭരണിക്കാവിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് യോഗം വിളിക്കാനും ശാസ്താംകോട്ട ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് മറച്ചു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോർഡ് മാറ്റിസ്ഥാപിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.പത്മാവതി ആശുപത്രിക്ക് മുൻപിലുള്ള റോഡുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പിഡബ്യൂഡി നിരത്ത് വിഭാഗം എ.ഇ,ഭൂരേഖ തഹസീൽദാർ,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി.
ശൂരനാട് സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പിഡബ്യൂഡി ഓച്ചിറ സെക്ഷൻ റോഡ്സ് വിഭാഗം എ.ഇയെ ചുമതലപ്പെടുത്തി.അനധീകൃതമായി ലോഡുമായി പോകുന്ന ലോറി ഉടമകൾകൾക്ക് നോട്ടീസ് നൽകും.പുതിയകാവ് – ചക്കുവള്ളി റോഡിൽ കെസിടി ജംഗ്ഷന് സമീപം സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കാൻ പിഡബ്യൂഡി (റോഡ്സ്) ഓച്ചിറയെ ചുമതലപ്പെടുത്തി.താലൂക്ക് ആശുപത്രിയുടെ സ്കെച്ച് തയ്യാറാക്കുന്നത് സംബന്ധിച്ച് വെള്ളി രാവിലെ 10.30ന് പഞ്ചായത്ത് സെക്രട്ടറി,എൽ.എസ്.ജി.ഡി എഇ,പിഡബ്യൂഡി ബിൽഡിംഗ് എ.ഇ,താലൂക്ക് ആശുപത്രി സൂപ്രണ്ട്,താലൂക്ക് സർവേയർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരുന്നതിന് ഭൂരേഖാ തഹസീൽദാർക്ക് നിർദേശം നൽകി.



































