ശാസ്താംകോട്ട:തന്റെ ഓഫീസിലെ ജീവനക്കാരനെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാൻ കുന്നത്തൂർ തഹസിൽദാർ വിചിത്ര നടപടി സ്വീകരിച്ചതായി പരാതി.അന്വേഷണത്തിന് ഹാജരാകാൻ പരാതിക്കാരിക്ക് കത്ത് അയച്ചത് ഹാജരാകേണ്ട ദിവസം.പരാതിക്കാരിക്ക് കത്തു കിട്ടിയത് അടുത്ത ദിവസം ഉച്ചയ്ക്കും.കുന്നത്തൂർ താലൂക്ക് ഓഫീസിലെ ഡ്രൈവറും പടിഞ്ഞാറേക്കല്ലട സ്വദേശിയുമായ സി.എസ് സന്തോഷ്‌കുമാറിനെതിരെ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഹരിത കർമ്മ സേന അംഗമായ അശ്വതി നൽകിയ പരാതിയിലാണ് കുന്നത്തൂർ തഹസിൽദാർ,ഓഫിസ് ജീവനക്കാരനെ സംരക്ഷിക്കാൻ അസാധാരണ നടപടി സ്വീകരിച്ചത്.സമൂഹ മാധ്യമങ്ങളിലൂടെ ഹരിതകർമ്മ സേന അംഗങ്ങളെ അധിക്ഷേപിക്കുകയും സർക്കാരിനെതിരെ അധിക്ഷേപിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.പരാതിയിൽ തെളിവുകൾ സഹിതം 2026 ജനുവരി അഞ്ചിന് എത്താൻ നിർദ്ദേശിച്ചു തഹസിൽദാർ 2025 ഡിസംബർ 31ന് അറിയിപ്പിൽ ഒപ്പിട്ടു.എന്നാൽ ഈ അറിയിപ്പ് ഓഫിസിൽ നിന്നും ശാസ്താംകോട്ട പോസ്റ്റ് ഓഫിസിൽ എത്തിയത് ജനുവരി അഞ്ചിന്.പരാതിക്കാരിയുടെ കയ്യിൽ അറിയിപ്പ് കിട്ടിയത് ഹാജരാകേണ്ട അടുത്ത ദിവസം ജനുവരി ആറിന്.ജീവനക്കാരനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാൻ തഹസിൽദാർ ഓഫിസ് ഇടപെട്ടതിൻ്റെ ഭാഗമാണ് ഈ വിചിത്ര നടപടി എന്നാണ് പരാതി.അഞ്ചിന് ഹാജരായില്ല എന്ന പേരിൽ പരാതി അവസാനിപ്പിക്കുവാനും കഴിയും.ഇതിനെതിരെ ജില്ല കലക്ടർ,ഓംബുഡ്സ്മാൻ, വിവരാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പരാതിക്കാരി. പ്രഥമ ദൃഷ്ട്യാ തന്നെയുള്ള തഹസിൽദാർ ഓഫീസിന്റെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കും എന്നും പരാതിക്കാരി അറിയിച്ചു.
Advertisement





































