കൊല്ലം: മുത്തച്ഛൻ്റെ കൊലപാതക കേസിലെ സാക്ഷിയായ പത്ത് വയസ് മാത്രമുള്ള മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും.
കൊറ്റങ്കര വില്ലേജിൽ മനക്കര കിഴക്കതിൽ വീട്ടിൽ ഷിബു (37)വിനെയാണ് കൊല്ലം ഫസ്റ്റ് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്.
2021 മാർച്ച് 31 നാണ് ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മുത്തച്ഛനെ ഷിബു കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ ദൃക്‌സാക്ഷിയായിരുന്നു ഷിബുവിൻ്റെ മകൾ. മകൾ ജീവിച്ചിരുന്നാൽ കൊലപാതകക്കേസിൽ തനിക്കെതിരെ സാക്ഷി പറയുമെന്ന ഭയമാണ് മകളെ കൊലപ്പെടുത്താൻ ശ്രമിക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്.
2023 മാർച്ച് 14-ന്, ഭാര്യയും മറ്റും ജോലിക്ക് പോയ സമയത്ത്, തുണി മടക്കിവെച്ചില്ല എന്ന നിസ്സാര കാരണം പറഞ്ഞ് ഷിബു മകളെ ക്രൂരമായി മർദിച്ചു. കൈകൊണ്ട് വായിലിടിച്ചും തല കതകിൽ ഇടിപ്പിച്ചും കാലിൽ പിടിച്ച് പൊക്കി നിലത്തടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഈ കേസിന് പിന്നാലെ നടന്ന കൊലപാതക കേസിലെ വിചാരണയിൽ മകൾ നിർണായകമായ സാക്ഷിമൊഴി നൽകുകയും, ആ കേസിൽ ഷിബുവിന് ജീവപര്യന്തം കഠിനതടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവിൽ കൊലപാതക കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷിബു വിചാരണ നേരിട്ടത്.
കുണ്ടറ പൊലിസ് ഇൻസ്‌പെക്ടർ വി. അനിൽകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.

































