ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിന് ചുറ്റുമുള്ള പൂങ്കാവനം സ്വകാര്യ വ്യക്തികൾ കയ്യേറിയ സംഭവത്തിൽ ദേവസ്വം ഭൂമി അളന്നുതിട്ടപ്പെടുത്താൻദേവസ്വം ഓംബുഡ്സ്മാൻ്റെ ഉത്തരവ്.ക്ഷേത്രത്തിലെ ചുറ്റുമുള്ള പൂങ്കാവനം പ്രത്യേകിച്ച് കോടതിയോട് ചേർന്നുള്ള സ്ഥലം നിരവധി പേർ കൈയ്യടക്കി കെട്ടിടങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. വ്യാപകമായ പരാതിഉണ്ടായെങ്കിലും അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും കെ ട്ടിടങ്ങളുടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.ഈ കെട്ടിടങ്ങൾ പലതും ഇന്ന് വക്കീൽ ഓഫീസുകൾ ആയി പ്രവർത്തിക്കുകയാണ്.
ഇതേ തുടർന്നാണ് ക്ഷേത്രത്തിലെ കാരായ്മക്കാരനും പൊതുപ്രവർത്തകനുമായ മനക്കര ആലയിൽ മണികണ്ഠൻദേവസ്വം ഓംബുഡ്സ്മാനെ സമീപിച്ചതും പരാതി നൽകിയതും.
ശാസ്താംകോട്ട വില്ലേജിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രണ്ടര ഹെക്ടറോളം ഭൂമി റീസർവ്വേ രേഖകളിൽ ‘സർക്കാർ പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിയത് തിരുത്താനുള്ള നടപടി ഇതിനും തുടങ്ങി കഴിഞ്ഞു.
ഇതേ തുടർന്ന് ലഭിച്ച പരാതിയിലാണ് അന്വേഷണ അടിസ്ഥാനത്തിൽ തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻദേവസ്വം ഭൂമി അളന്നതിട്ടപ്പെടുത്താൻ ഉത്തരവ് ഇറക്കിയത്.
ശാസ്താംകോട്ട വില്ലേജിലെ ബ്ലോക്ക് 13-ൽ റീസർവ്വേ നമ്പർ 37/2-ൽ ഉൾപ്പെട്ട 02.46.40 ഹെക്ടർ ഭൂമിയാണ് രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഭൂമി ദേവസ്വം വകയാണെന്നും റീസർവ്വേ രേഖകളിലെ പിശക് തിരുത്തി ഭൂമി ‘ക്ഷേത്ര സ്വത്തായി’ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
വിഷയത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഓംബുഡ്സ്മാന് റിപ്പോർട്ട് സമർപ്പിച്ചു. റീസർവ്വേയിലെ പിശക് തിരുത്തുന്നതിനായി കുന്നത്തൂർ തഹസിൽദാരെ സമീപിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വിശദമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മീഷണർക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി കഴിഞ്ഞു. കൂടുതൽ പരിശോധനകൾക്കായി കേസ് 2026 ഫെബ്രുവരി 19-ലേക്ക് മാറ്റി.







































