ശാസ്താംകോട്ട:കരുനാഗപ്പള്ളിയിൽ നിന്നും രാത്രികാലങ്ങളിൽ ഭരണിക്കാവ് – പുത്തൂർ വഴി കൊട്ടാരക്കര ഭാഗത്തേക്ക് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്നു.രാത്രി 7.30ന് കരുനാഗപ്പള്ളി ട്രാൻ.ഡിപ്പോയിൽ നിന്നുമുള്ള അവസാന ബസ് കൊട്ടാരക്കരയിലേക്ക് പോയി കഴിഞ്ഞാൽ പിന്നീടെത്തുന്ന യാത്രക്കാർക്ക് ഓട്ടോറിക്ഷകൾ മാത്രമാണ് അഭയം.രാത്രിയായതിനാൽ വലിയ ചാർജാണ് ഓട്ടോറിക്ഷകൾ ഈടാക്കുന്നത്.ഇതിനാൽ ദീർഘദൂര ബസുകളിൽ കരുനാഗപ്പള്ളി സ്റ്റാൻഡിൽ എത്തുന്നവരും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവരും വീടുകളിലേക്ക് പോകാൻ വലയുകയാണ്.വീടുകളിൽ നിന്നും വാഹനവുമായി എത്താൻ നിർവാഹമില്ലാത്തവർ സ്റ്റാൻ്റിൽ തന്നെ ഉറക്കമിളച്ചിരുന്ന് പുലർച്ചെയുള്ള ബസുകളിലാണ് നാടു പിടിക്കുന്നത്.

കരുനാഗപ്പള്ളി വസ്ത്ര വ്യാപാരശാലകളിൽ ഉൾപ്പെടെ തൊഴിലെടുക്കുന്നവരും വലയുന്നവരിൽ പ്രധാനികളണ്.മാരാരിത്തോട്ടം,കല്ലുകടവ്, മൈനാഗപ്പള്ളി,ശാസ്താംകോട്ട, ഭരണിക്കാവ്,കുന്നത്തൂർ,പുത്തൂർ ഭാഗത്തേക്കുള്ള യാത്രക്കാരാണ് ബസ് തേടി കരുനാഗപ്പള്ളി ഡിപ്പോയിൽ ദിവസവും എത്തുന്നത്.മുമ്പ് രാത്രി 9നും 10നും ഇടയിൽ ഭരണിക്കാവ് ഭാഗത്തേക്ക് 3 സർവ്വീസുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാം നിർത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്.തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വഴി എത്തുന്ന കുന്നത്തൂർ ഫാസ്റ്റ്,തിരുവാറ്റ ക്ഷേത്രം,ആനയടി ക്ഷേത്രം തുടങ്ങിയ സർവ്വീസുകളാണ്

മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്.ഏറെ ലാഭകരമായിരുന്ന സർവ്വീസുകളാണ് നിർത്തലാക്കിയത്.ഈ സർവ്വീസുകൾ പുനരാരംഭിച്ചാൽ കരുനാഗപ്പള്ളിയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.






































